പേജുകള്‍‌

2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

കറോസല്‍ ചര്‍ച്ചാ രീതി

ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടു‌ക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍ ബോറായി മാറാനും സാധ്യതയുണ്ട്.എല്ലാവര്‍ക്കും കൃത്യമായ പങ്കാളിത്തം ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്. 

എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം?
ക്ലാസ് മുറിയില്‍ ഒരേ ഇരിപ്പ് കുറേ നേരം തുടരാതെ, ഓരോ ഭാഗത്തേക്കും നടക്കാനും അവിടെ ചെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനും അറിവുകള്‍ നേടാനും സാധിക്കുകയുമാണെങ്കില്‍ എങ്ങിനെയിരിക്കും.
അത്തരമൊരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

കറോസല്‍ (carousel) ചര്‍ച്ചാ രീതി.

ക്ലാസിലെ എല്ലാ കുട്ടികളുടെയും തുല്യ പങ്കാളിത്തം ഉറപ്പുവരുത്താനും കുറേക്കൂടി ആഴത്തിലുള്ള പഠനത്തിനും കറോസല്‍ ചര്‍ച്ചാ രീതി സഹായിക്കും.ഒരേ സ്ഥലത്ത് കൂടുതല്‍ ഇരിക്കാതെ ക്ലാസിലെ ഓരോ ഭാഗത്തേക്കും ചെന്ന് അറിവുകള്‍ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന രീതി കൂടിയാണിത്.എങ്ങിനെയാണ് കറോസല്‍ രീതിയില്‍ പഠന പ്രവര്‍ത്തനം നടത്തുന്നതെന്ന് നോക്കാം.

പല രീതികളില്‍ കറോസല്‍ ചര്‍ച്ച നടത്താം.
ഒന്നാമത്തെ രീതി ഇപ്രകാരമാണ്.
കുട്ടികളെ അഞ്ചോ ആറോ പേരുള്ള ഗ്രൂപ്പുകളാക്കി തിരിക്കുക.
ഗ്രൂപ്പിന്‍റെ എണ്ണം അനുസരിച്ച് ക്ലാസ് മുറിയുടെ അഞ്ച് ഭാഗത്തും ഓരോ വലിയ ചാര്‍ട്ട് പേപ്പര്‍ ഒട്ടിച്ചുവെക്കുക.
ഇവ ഓരോന്നിലും വിത്യസ്തമായ ചോദ്യങ്ങളാണ് എഴുതേണ്ടത്. അന്നേ ദിവസം ക്ലാസില്‍ ചര്‍ച്ച ചെയ്ത് ഉരുത്തിരിഞ്ഞു വരേണ്ട ചോദ്യങ്ങള്‍ നല്‍കുന്നതാണ് ഉചിതം.
ഓരോ ഗ്രൂപ്പിലെയും കുട്ടികള്‍ ഓരോ ചാര്‍ട്ട് പേപ്പര്‍ തൂക്കിയ ഭാഗത്തേക്ക് ചെല്ലുകയും അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ വായിച്ച് ചര്‍ച്ച ചെയ്യുന്നു. 
ചര്‍ച്ച ചെയ്യാന്‍ അറിയാത്ത കാര്യങ്ങളാണെങ്കില്‍ പാഠപുസ്തകമോ മറ്റു റഫറന്‍സ് പുസ്തകങ്ങളോ ഇതിനായി ഉപയോഗിക്കാം.
ശേഷം അവിടെ വെച്ച് വലിയ അക്ഷരത്തില്‍ ഗ്രൂപ്പിന്‍റെ ആശയം എഴുതുകയും ചെയ്യുന്നു.
നാലോ അഞ്ചോ മിനുട്ടിന് ശേഷം എല്ലാ ഗ്രൂപ്പുകളും അടുത്തുള്ള സ്റ്റേഷനിലോട്ട് മാറണം( ചാര്‍ട്ട് പതിപ്പിച്ച സ്ഥലം).ഇവിടെ ഇപ്പോള്‍ പുതിയ ചോദ്യമാണുള്ളത്. നേരത്തെ ചെയ്തതുപോലെ ഗവേഷണം നടത്തിയും ചര്‍ച്ച ചെയ്തും ആശയങ്ങള്‍ പങ്കുവെക്കുന്നു.
ഇപ്രകാരം 25 മിനുട്ട് കഴിയുമ്പോഴേക്കും ഓരോ സ്റ്റേഷനിലെയും ചാര്‍ട്ട് പേപ്പറില്‍ എല്ലാവരുടെയും ആശയങ്ങള്‍ വന്നിട്ടുണ്ടാകും.

ഇനി ചാര്‍ട്ട് പേപ്പറില്ലാതെ കുട്ടികളെ ഓരോ മൂലയിലേക്കും പറഞ്ഞയക്കാതെ വേണമെങ്കിലും ഈ പ്രവര്‍ത്തനം ചെയ്യാം.അതിനായി ചെയ്യേണ്ടതിത്രമാത്രം.

ഓരോ ഗ്രൂപ്പിലെയും കൂട്ടുകാര്‍ക്ക് ഓരോ പേപ്പര്‍ വിതരണം ചെയ്യുക. മുകളില്‍ ചോദ്യം രേഖപ്പെടുത്തിയാല്‍ മതി. സ്റ്റിക്കിനോട്ടുപോലുള്ള ചെറിയ വര്‍ണ്ണക്കടലാസുകള്‍ ഓരോ ഗ്രൂപ്പിനും നല്‍കിയാല്‍ അവരുടെ ആശയങ്ങള്‍ രേഖപ്പെടുത്തി വലിയ പേജിലേക്ക് ഒട്ടിച്ചുവെച്ചാല്‍ മതി. ഓരോ അഞ്ച് മിനുട്ട് കഴിയുമ്പോഴും കടലാസ് മറ്റു ഗ്രൂപ്പുകള്‍ക്ക് കൈമാറണം.ഇപ്രകാരം ഓരോ ഗ്രൂപ്പുകാരും വിത്യസ്ത നിറത്തിലുള്ള സ്റ്റിക്കിനോട്ടുകളില്‍ ആശയങ്ങള്‍ പങ്കുവെച്ചാല്‍ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ആശയങ്ങള്‍ പങ്കുവെക്കാനും അതോടൊപ്പം സഹവര്‍ത്തിത പഠനത്തിനും കറോസല്‍ സഹായകമാകും.

അവസാനം അധ്യാപകന് ഓരോ ഗ്രൂപ്പിലെയും ചോദ്യങ്ങള്‍ക്ക് കൂട്ടുകാര്‍ നല്‍കിയ ഉത്തരങ്ങളെ ക്രോഡീകരിച്ചും അവയില്‍ കുറവ് വന്നതിനെ കൂട്ടിച്ചേര്‍ത്തും പാഠം ഉപസംഹരിച്ചാല്‍ അതൊരു മികച്ച പഠനാനുഭവമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌