പേജുകള്‍‌

2011, ജൂൺ 4, ശനിയാഴ്‌ച

സാമൂഹ്യപാഠം എന്തിനാണ്‌ നവീകരിക്കുന്നത്‌ ?

ഈ വര്‍ഷത്തെ പത്താംതരത്തിലെ പാഠപുസ്‌തകം
പരിഷ്‌ക്കരിച്ചുപുറത്തിറക്കിയിരിക്കുകയാണല്ലോ.ഉള്ളടക്കത്തിലും, രചനാക്രമീകരണത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടുള്ള പുസ്‌തകമാണ്‌ ഇത്തവണത്തേത്ത്‌. മലയാളവും, ഇംഗ്ലീഷും, സാമൂഹ്യശാസ്‌ത്രം തുടങ്ങിയവയെല്ലാം ഏറെ നിലവാരം പുലര്‍ത്തുന്നുെന്നാണ്‌ അധ്യാപകരില്‍ നിന്ന്‌ അറിയാന്‍ സാധിക്കുന്നത്‌. അടുത്ത വര്‍ഷത്തോടെ ഐടി പാഠപുസ്‌തകവും പരിഷ്‌ക്കരിച്ച്‌ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്‌ട്‌ വെയറായ ലിനക്‌സിനെ അടിസ്ഥാനമാക്കിയായിരിക്കും പരിഷ്‌ക്കരിക്കുകയെന്ന്‌ കരുതുന്നു.


പാഠപുസ്‌തകം കുട്ടികളുടെ കയ്യിലെത്തും മുമ്പെ ഇന്റര്‍നെറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌തത്‌ എല്ലാവര്‍ക്കും ഏറെ ഗുണകരമായി കാണും. അധ്യാപകര്‍, അധ്യാപക-പരീശീലന വിദ്യാര്‍ത്ഥികള്‍, ട്യൂഷന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എല്ലാവര്‍ക്കും ഇത്‌ വളരെയധികം സഹായിച്ചിട്ടു്‌.എന്നാല്‍ നിര്‍ഭാഗ്യ കരമെന്ന്‌ പറയട്ടെ ഏത്‌ പുതിയ സംഗതിയേയും ഒന്നു വിമര്‍ശിച്ച ശേഷം സ്വീകരിക്കുകയെന്ന തത്വം ഇവിടെയും നമുക്ക്‌ കാണാന്‍ സാധിച്ചു.
സാമൂഹ്യശാസത്രം പാഠപുസ്‌തകത്തിനെതിരെയാണ്‌ ഇവിടെയും വിമര്‍ശകര്‍ രംഗത്തുവന്നത്‌. ഏഴാംതരത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ മാറുംമുമ്പെ അടുത്ത പ്രശ്‌നങ്ങളുമായി സമുദായ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നു. ക്രൈസ്‌തവ സംഘടനയായ കെസിബിസി എന്ന സംഘടനയാണ്‌ ഇത്തവണ രംഗത്തുവന്നിട്ടുള്ളത്‌.

പ്‌ത്താംതരം സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിലെ ഒന്നാം പാഠഭാഗത്തിലെ ചില വസ്‌തുതകളോടാണ്‌ ഈ വിഭാഗം ആളുകള്‍ക്ക്‌ രൂക്ഷമായ എതിര്‍പ്പുള്ളത്‌. ആധുനിക ലോകത്തിന്റെ ഉദയം എന്ന ആദ്യ പാഠഭാഗത്ത്‌ പതിനാലും, പതിനഞ്ചും നൂറ്റാില്‍ യൂറോപ്പിലുായ നവോത്ഥാനവും അതിനെ തുടര്‍ന്നുായ മാറ്റങ്ങളുമാണ്‌ പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്‌. ഈ കാലഘട്ടത്തില്‍ യൂറോപ്പിലെ പോപ്പിന്റെയും, ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയുംം അഴിമതി, ദുര്‍ഭരണം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി പോപ്പ്‌ പാപപരിഹാര വില്‍പ്പന എന്ന പേരില്‍ അറിയപ്പെട്ട ആത്മീയ കച്ചവടത്തെ സൂചിപ്പിച്ചതാണ്‌ കെസിബിസി പോലെയുള്ള സമുദായ സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌.


പാഠ പുസ്‌തകം നിരോധിക്കണമെന്നൊക്കെയാണ്‌ കെസിബിസി ആവശ്യപ്പെടുന്നത്‌. ഈയൊരു പശ്ചാത്തലത്തില്‍ പ്രൊഫസര്‍ വി.കാര്‍ത്തികേയന്‍ നായര്‍ എഴുതിയ ഈ ലേഖനം പത്താംതരത്തിലെ സാമൂഹ്യശാസ്‌ത്ര പുസ്‌തകത്തെ കുറിച്ച്‌ ഉയര്‍ന്ന്‌ വന്ന വിമര്‍ശനങ്ങളോടുള്ള വിയോജിപ്പാണ്‌ രേഖപ്പെടുത്തുന്നത്‌. പരാതി ഉന്നയിക്കുന്ന കെസിബിസിയുടെ നിലപാട്‌ വ്യക്തമാക്കുന്ന ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലാറങ്ങോട്ടിന്റെ ലേഖനവും ഇതോടൊപ്പം ചേര്‍ക്കുന്നു.

ജാതി-മതസംഘടനകള്‍ പഠിപ്പിക്കുന്ന സാമൂഹ്യപാഠം
കേരളത്തിലെ സ്കൂള്‍ ക്ലാസുകളില്‍ ചരിത്രപഠനത്തിന്റെ ദിശാബോധം തെറ്റിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നത് മതസാമുദായിക ശക്തികളാണ്. ഇക്കൂട്ടര്‍ക്ക് രാഷ്ട്രീയകക്ഷികളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് ഭരണപരമായ ഇടപെടലുകളായി ചരിത്രപാഠ പുസ്തകങ്ങളെ അംഗഭംഗം വരുത്തി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മത സാമുദായിക നേതാക്കളുടെ നിര്‍ദ്ദേശാനുസൃതമാണ് വോട്ടര്‍മാര്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ മുന്നണിയേയോ പിന്തുണയ്ക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ഭരണാധികാരികള്‍ ഇക്കൂട്ടരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത്. കേരളത്തിലെ വോട്ടര്‍മാരെല്ലാം ജാതി - മത സംഘടനകളുടെ കക്ഷത്തിലാണെന്ന അവകാശവാദവും രാഷ്ട്രീയകക്ഷികള്‍ അത് അംഗീകരിച്ചുകൊടുക്കുന്നതും വോട്ടര്‍മാരെ അധിക്ഷേപിക്കലാണ്. ജാതി - മത പരിഗണനകള്‍ക്കതീതമായി ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷം വോട്ടര്‍മാരും. അതിനാല്‍ അവരുടെ തീരുമാനത്തിനനുസരിച്ചായിരിക്കണം പാഠപുസ്തകങ്ങളും വിലയിരുത്തപ്പെടേണ്ടത്.

സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തില്‍ ഇപ്പോഴും വോട്ടര്‍മാരെ ഭരണാധികാരികള്‍ സമീപിക്കുന്നത് വിവരദോഷികള്‍ എന്ന നിലയ്ക്കാണ്. ഭരണാധികാരികളെപ്പറ്റി വോട്ടര്‍മാര്‍ക്ക് ചില ധാരണകളുണ്ട്. അത് അവരുടെ നിത്യജീവിതത്തിലെ അനുഭവങ്ങളില്‍നിന്നും രൂപപ്പെടുന്നതാണ്. ഭരണാധികാരികള്‍ക്ക് വോട്ടര്‍മാരെപ്പറ്റിയുള്ള അഭിപ്രായം മുന്‍ധാരണയില്‍നിന്നും രൂപപ്പെടുന്നതാണ്. മുന്‍ധാരണകള്‍ ആരുടേതായിരുന്നാലും ശരിയായിരിക്കണമെന്നില്ല. ഇക്കാലത്ത് ആരും സര്‍വജ്ഞരല്ല. അതിനര്‍ത്ഥം എല്ലാവരും അല്‍പജ്ഞാനികളാണെന്നാണ്. ഈ അല്‍പജ്ഞാനത്തില്‍നിന്നാണ് പാഠപുസ്തകങ്ങള്‍ തെറ്റാണ് എന്ന നിഗമനം ഉണ്ടാകുന്നത്.

ഇത്രയും ആമുഖമായി പറഞ്ഞത് ഈ അദ്ധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിപ്പിക്കാനിരിക്കുന്ന സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ ക്രൈസ്തവസഭയെ ബോധപൂര്‍വം അധിക്ഷേപിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട് എന്ന് കത്തോലിക്കാസഭ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ്. ഈ ആരോപണം ആദ്യം ഉന്നയിച്ചത് മേയ് 12-ാം തീയതിയിലെ "ദീപിക" ദിനപത്രത്തിലൂടെയായിരുന്നു. പാഠപുസ്തകത്തിന്റെ "ആധുനികയുഗത്തിന്റെ ഉദയം" എന്ന ഒന്നാം അദ്ധ്യായത്തില്‍ പാശ്ചാത്യ നവോത്ഥാനത്തെപ്പറ്റി പ്രതിപാദിച്ചതിനുശേഷം യൂറോപ്പില്‍ പ്രചാരത്തിലിരുന്ന റോമന്‍ കത്തോലിക്കാസഭയില്‍ നടന്ന നവീകരണ ശ്രമങ്ങളെപ്പറ്റി വിവരിക്കുന്ന ഭാഗമാണ് കേരളത്തിലെ ഇപ്പോഴത്തെ കത്തോലിക്കാ മത നേതാക്കള്‍ക്ക് അവഹേളനപരമായി തോന്നിയത്. പത്രവാര്‍ത്തയുടെ പ്രസക്തഭാഗം ഇങ്ങനെ:

"പുസ്തകത്തിന്റെ പതിനഞ്ചാം പേജില്‍ മതനവീകരണമെന്ന ഭാഗത്ത് ക്രൈസ്തവ സഭയെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു... അക്കാലത്ത് സഭയില്‍ വന്‍ അഴിമതി നടന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പാഠഭാഗത്തുള്ളത്. ഇതു സമര്‍ത്ഥിക്കാന്‍ ജോണ്‍ വൈ ക്ലിഫ് ജോണ്‍ഹസ് എന്നിവരേയും ഉദ്ധരിച്ചിട്ടുണ്ട്. സഭയില്‍ നടക്കുന്ന അഴിമതി ചോദ്യം ചെയ്ത ഇരുവരും ശിക്ഷിക്കപ്പെട്ടുവെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. പൗരോഹിത്യമേഖലയില്‍ അക്കാലത്ത് അഴിമതി നടന്നുവെന്നും പുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. സന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ പുനര്‍നിര്‍മാണംമൂലം പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുവെന്നും അതു മറികടക്കാന്‍ ആക്ഷേപകരമായ നടപടികള്‍ സഭ സ്വീകരിച്ചുവെന്നുമാണ് മറ്റൊരു ആക്ഷേപം. പാപ പരിഹാരത്തിനുള്ള ഉപാധിയായി സാധാരണക്കാര്‍ക്ക് പാപമുക്തി പത്രം വിറ്റ് സഭ പണമുണ്ടാക്കിയെന്നും പുസ്തകം ആക്ഷേപിക്കുന്നു".

യൂറോപ്പിലെ കത്തോലിക്കാസഭയെക്കുറിച്ച് പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സ്കൂള്‍ - കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ചു വരുന്നവയാണ്. പത്രവാര്‍ത്തയില്‍ "ആക്ഷേപകര"മെന്ന് മുദ്രകുത്തി പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇത്രയും നാള്‍ പഠിപ്പിച്ചുപോന്നിരുന്നത്. ഇതിനുമുമ്പത്തെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഏജന്‍സിയായ എന്‍സിഇആര്‍ടി തയ്യാറാക്കി സിബിഎസിഇ സ്കൂളുകളില്‍ പഠിപ്പിച്ചുവരുന്ന പാഠപുസ്തകങ്ങളിലും "ആക്ഷേപകരമായ" ഈ വസ്തുതകള്‍ കൊടുത്തിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകള്‍ നടത്തിവരുന്ന സിബിഎസ്ഇ സ്കൂളുകളില്‍ ഇത്ര കാലവും ഈ പാഠഭാഗങ്ങള്‍ പഠിപ്പിച്ചിരുന്നില്ലേ? കേരള പാഠ്യപദ്ധതി പ്രകാരം ക്രൈസ്തവസഭകള്‍ നടത്തുന്ന സ്കൂളുകളിലും കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകാലമായി ഈ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവരുന്നു. മൂടുപടമിട്ട സന്ന്യാസിനിമാരും ളോഹ ധരിച്ച സന്ന്യാസിമാരും സാമൂഹ്യശാസ്ത്രം അദ്ധ്യാപകരായി എയിഡഡ് സ്കൂളുകളില്‍ പഠിപ്പിക്കുന്നു. അവര്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളവും പറ്റുന്നു. അവരാരും ഇത്രയും നാള്‍ ഇത് ആക്ഷേപകരമാണെന്ന് പറഞ്ഞിട്ടില്ല; പഠിപ്പിക്കാതിരുന്നിട്ടില്ല. ശ്രേഷ്ഠന്മാരായ നിരവധി പുരോഹിതന്മാര്‍ കേരളത്തിലെ ക്രൈസ്തവസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സേവനമനുഷ്ഠിക്കുകയും കാലം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരാരും തന്നെ അതാതുകാലത്തെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിപ്പോരുന്ന ഈ പാഠഭാഗങ്ങളെപ്പറ്റി എതിരഭിപ്രായം ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന വിവാദത്തിനുപിന്നില്‍ മറ്റു ചില ഉദ്ദേശങ്ങളുണ്ട് എന്നത് വ്യക്തം.

കേരളത്തിലെ ഹൈസ്കൂള്‍ ക്ലാസുകളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യാപകരായി ജോലി ചെയ്യുന്നവരില്‍ പകുതിയോളം പേരെങ്കിലും ചരിത്രം ഐഛിക വിഷയമായെടുത്ത് പഠിച്ച് ബിരുദമെടുത്തവരാണ്. അവര്‍ കോളേജ് ക്ലാസുകളില്‍ ലോകചരിത്രം പഠിച്ച കൂട്ടത്തില്‍ പാശ്ചാത്യ നവോത്ഥാനത്തെപ്പറ്റിയും മതനവീകരണത്തെപ്പറ്റിയും പഠിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അവര്‍ പഠിച്ചതില്‍നിന്നും വ്യത്യസ്തമായ എന്തെങ്കിലും കാര്യം ഇപ്പോഴത്തെ പാഠപുസ്തകത്തിലുണ്ടോയെന്ന് അവര്‍ പറയട്ടെ. കേരളത്തിലെ സര്‍വകലാശാലകള്‍ ബിരുദപഠനത്തിനായി തയ്യാറാക്കിയിട്ടുള്ള ഏറ്റവും പുതിയ സിലബസ്സിലും (2009-10 വര്‍ഷം മുതല്‍ നടപ്പാക്കിയ സെമസ്റ്റര്‍ സമ്പ്രദായപ്രകാരമുള്ളത്) മതനവീകരണത്തെപ്പറ്റി പഠിക്കാനുണ്ട്. കോളേജദ്ധ്യാപകര്‍ , ഐഎഎസ്സുകാരുള്‍പ്പെടെയുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ , അഭിഭാഷകര്‍ , ന്യായാധിപന്മാര്‍ , രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടത്തില്‍ ചരിത്രം ഐഛിക വിഷയമായി പഠിച്ച നിരവധിപേരുണ്ട്. അവര്‍ പഠിച്ച മതനവീകരണത്തില്‍ കത്തോലിക്കാസഭയുടെ ദുഷ്‌ചെയ്തികളെപ്പറ്റിയുള്ള ദീര്‍ഘമായ വിവരണങ്ങളുണ്ട്. മതനവീകരണത്തെപ്പറ്റി പഠിക്കാനുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്. കോളേജ് ക്ലാസുകളില്‍ ആ പുസ്തകങ്ങളെ ആശ്രയിച്ചാണ് അദ്ധ്യാപകര്‍ ഇപ്പോഴും പഠിപ്പിക്കുന്നതും വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ആശ്രയിക്കുന്നതും. കേരളത്തില്‍ സ്കൂള്‍ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കാനായി പാഠപുസ്തകസമിതിക്കാര്‍ ഉപയോഗിക്കുന്നതും ഇത്തരം പുസ്തകങ്ങളെയാണ്. "അദ്ധ്യാപക സഹായി"യില്‍ അതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. പാഠപുസ്തകത്തെപ്പറ്റി ആക്ഷേപമുന്നയിച്ചവര്‍ , പുരോഹിതന്മാരായാലും ലൗകികന്മാരായാലും, ആ പുസ്തകങ്ങള്‍ ഒന്നു വായിക്കണം. എന്നിട്ട് കുമ്പസരിക്കണം പോപ്പിനെപ്പോലെ. കത്തോലിക്കാസഭയുടെ മുന്‍ചെയ്തികളുടെ പേരില്‍ പോപ്പുമാര്‍ പിന്നീട് കുമ്പസരിച്ചിട്ടുണ്ട് പശ്ചാത്താപം പ്രായശ്ചിത്തം എന്നാണ് യേശു പറഞ്ഞിട്ടുള്ളത്. അത് ശിഷ്യന്മാര്‍ക്കും ബാധകമാണ്.

കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന അഴിമതികളും അസാന്മാര്‍ഗിക പ്രവൃത്തികളും പൂര്‍ണ തോതില്‍ പാഠപുസ്തകത്തില്‍ കൊടുത്തിട്ടില്ല. അതിന്റെയാവശ്യമില്ല എന്നതുകൊണ്ടാണ്. പതിനഞ്ചു വയസ്സുള്ള പഠിതാവിനെ ഉദ്ദേശിച്ചാണ് പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ജോണ്‍ വൈ ക്ലിഫ്, ജോണ്‍ഹസ് എന്നിവരെ ശിക്ഷിച്ചുവെന്നത് വാസ്തവമാണ്. ഇംഗ്ലീഷുകാരനായ ജോണ്‍ വൈക്ലിഫിനെ ജീവിച്ചിരിക്കുമ്പോള്‍ ശിക്ഷിക്കാന്‍ കഴിഞ്ഞില്ല. 1386ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ കുഴിമാടത്തില്‍നിന്നും അസ്ഥിക്കഷണങ്ങള്‍ തോണ്ടിയെടുത്ത് ചുട്ടുചാരമാക്കി 1415ല്‍ സ്വിഫ്റ്റ് നദിയില്‍ ഒഴുക്കുകയായിരുന്നു. (മണ്ണടിയില്‍വെച്ച് ആത്മഹത്യ ചെയ്ത വേലുത്തമ്പിദളവയുടെ ജഡം കെട്ടിവലിച്ചുകൊണ്ടുവന്ന് കണ്ണമ്മൂലയില്‍ കഴുവേറ്റിയതുപോലെ). പഴയ ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു ജോണ്‍ഹസ്. (അന്ന് ആ രാജ്യത്തിന്റെ പേര് ബൊഹീമിയ എന്നായിരുന്നു) മതനിന്ദാക്കുറ്റമാരോപിച്ച് സഭാകോടതി 1416ല്‍ അദ്ദേഹത്തെ ചുട്ടുകൊല്ലുകയായിരുന്നു. ക്രൈസ്തവസഭ അംഗീകരിച്ചിരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇതേ ആരോപണമുന്നയിച്ചാണ് ശാസ്ത്രകാരന്മാരായ കോപ്പര്‍നിക്കസ്സും, ഗലീലിയോയും, ബ്രൂണോയും കെപ്ലറും ശിക്ഷിക്കപ്പെട്ടത്.

പോപ്പുമാരും ബിഷപ്പുമാരും കല്യാണം കഴിക്കുകയും അവര്‍ക്കുണ്ടാകുന്ന സന്തതികള്‍ക്കുവേണ്ടി സാധാരണക്കാരെപ്പോലെ സ്വത്തു സമ്പാദിക്കാന്‍ വ്യഗ്രത കാട്ടുകയും ചെയ്തിരുന്നു. ഇത് പലരുമായും കലഹത്തിന് വഴിവെച്ചു. അവിഹിത മാര്‍ഗത്തിലൂടെ സ്വത്തു സമ്പാദിച്ചു. സഭാപദവിയെ ദുരുപയോഗം ചെയ്തു. മരണശേഷം ഒരാള്‍ക്ക് നരകത്തിലനുഭവിക്കേണ്ടിവരുന്ന ശിക്ഷയില്‍നിന്നും ഇളവുകിട്ടുന്നതിനുവേണ്ടി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പോപ്പ് നല്‍കുന്ന "പാപ വിമോചന പത്രം" പണം കൊടുത്തു വാങ്ങുന്ന പാപികളുണ്ടായിരുന്നു. ഇതിനെ പരസ്യമായി എതിര്‍ത്തതാണ് ജര്‍മ്മനിക്കാരനായ മാര്‍ട്ടിന്‍ ലൂഥറെ പള്ളിയില്‍നിന്നും പുറത്താക്കാന്‍ കാരണം. പുറത്താക്കല്‍ ഉത്തരവ് ലൂഥര്‍ ചന്തയില്‍വെച്ച് പരസ്യമായി കത്തിച്ചുകളഞ്ഞു. ഇതോടുകൂടിയാണ് പ്രൊട്ടസ്റ്റന്‍റ് മതം ഉടലെടുക്കുന്നത്. അനേകം പേര്‍ ലൂഥര്‍ക്കൊപ്പംചേര്‍ന്നു. അയല്‍രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നു. കത്തോലിക്കാസഭ അങ്ങേയറ്റം പ്രതിസന്ധിയിലായി. ഇതിനെ തരണം ചെയ്യാനാണ് ജെസ്യൂട്ട് പാതിരിസംഘം ഉടലെടുത്തത്. ഇതിന്റെ ഒരു പ്രധാന തീരുമാനം പോപ്പുമാരും ബിഷപ്പുമാരും വിവാഹിതരാകാന്‍ പാടില്ലായെന്നുള്ളതാണ്. വിവാഹത്തിലേര്‍പ്പെട്ടിരുന്നതുകൊണ്ടാണല്ലോ അത് പിന്നീട് നിരോധിക്കപ്പെട്ടത്. കത്തോലിക്കാസഭക്കുള്ളില്‍ നടന്നിരുന്ന ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളെ നിഷേധിക്കാന്‍ ചരിത്രത്തിനാവില്ല. ഇത്തരം വിശദാംശങ്ങളൊന്നും പാഠഭാഗത്ത് കൊടുത്തിട്ടില്ല. മതനവീകരണത്തിന്റെ ഒരു സന്ദര്‍ഭം പഠിതാവിനെ പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യം മാത്രമേ പാഠപുസ്തക സമിതിക്കുണ്ടായിരുന്നുള്ളൂ.

എന്തായാലും കെസിബിസി മാത്രമാണ് പാഠപുസ്തകത്തിനെതിരെ യുദ്ധപ്പുറപ്പാട് നടത്തുന്നത്. അവര്‍ പരാതി സര്‍ക്കാരിനു നല്‍കി.സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കാന്‍ ആലോചിക്കുന്നുവെന്നാണ് ഇതെഴുതുന്ന സമയത്ത് അറിയാന്‍ കഴിഞ്ഞത്. കേരളത്തില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മറ്റ് നിരവധി സഭകളുണ്ട്. അവരാരും തന്നെ പാഠപുസ്തകം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് പരാതിപ്പെടുന്നില്ല.

ആധുനികയുഗത്തിന്റെ വെള്ളിനക്ഷത്രം പടിഞ്ഞാറുദിക്കാനിടയായതില്‍ പൗരസ്ത്യ സംസ്കാരത്തിനുള്ള സ്വാധീനം, അതില്‍ത്തന്നെ ഇസ്ലാമിക സംസ്കാരത്തിന്റെ പങ്ക് എന്നിവ വസ്തുനിഷ്ഠമായിത്തന്നെ പാഠപുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. ഇസ്ലാമിക സംസ്കാരം ക്രൈസ്തവസഭയേയും സ്വാധീനിച്ചു എന്ന വസ്തുത കേരളത്തിലെ കത്തോലിക്കര്‍ക്ക് പഥ്യമായിട്ടില്ല എന്നുവേണമെങ്കിലും നമുക്കനുമാനിക്കാം.

പാഠപുസ്തക സമിതി തയ്യാറാക്കിയ പുസ്തകം സാഹിത്യകാരിയായ പി വല്‍സല, സാഹിത്യ നിരൂപകനായ കെ പി ശങ്കരന്‍ , ചരിത്രകാരനായ എം ആര്‍ രാഘവവാര്യര്‍ , പി ഗോവിന്ദപ്പിള്ള, സി പി നാരായണന്‍ , യുഡിഎഫ് അനുഭാവ അദ്ധ്യാപക സംഘടനാ നേതാക്കളായ ജെ ശശി, സി വി ചെറിയ മുഹമ്മദ് എന്നിവരടങ്ങുന്ന കരിക്കുലം കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. പാഠപുസ്തകങ്ങളെപ്പറ്റി പഠിക്കാന്‍ നിയുക്തമായിട്ടുള്ള ഡോ. സി ജി രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായിട്ടുള്ള ടെക്സ്റ്റ് ബുക്ക് കമ്മീഷനും ശരിവച്ചതാണ് ഈ പുസ്തകം.

ഇവരെയൊക്കെ ഇപ്പോള്‍ കൊഞ്ഞനം കുത്തുകയാണ് കെസിബിസി. കെസിബിസിക്ക് ഇഷ്ടകരമല്ലാത്തത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ പാടില്ല. മറ്റു സഭക്കാര്‍ക്ക് ഇഷ്ടമില്ലാത്തതും പഠിക്കാന്‍ പാടില്ല. മൗലവിമാര്‍ക്കും അനിഷ്ടകരമായത് പഠിപ്പിക്കേണ്ട. നായര്‍ , ഈഴവ, വിശ്വകര്‍മ്മ, ബ്രാഹ്മണ, വാര്യര്‍ , നാടാര്‍ , ചാന്നാര്‍ , പുലയ, പറയ, കുറവ, വീരശൈവ തുടങ്ങിയ ജാതിക്കാര്‍ക്കും അനിഷ്ടകരമായത് പാഠപുസ്തകത്തില്‍ ചേര്‍ക്കേണ്ട. കെസിബിസിയുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചുകൊടുത്താല്‍ നാളെ മേല്‍പ്പറഞ്ഞ ജാതിക്കാരൊക്കെ ഇതേ പോലുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ട് രംഗത്തുവരും. അവരുടെയൊക്കെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ കേരള സര്‍ക്കാരിനാകുമോ? വിദ്യാഭ്യാസമന്ത്രി തയ്യാറായേക്കും. കയ്യാലപ്പുറത്തെ തേങ്ങാപോലെയിരിക്കുന്ന അദ്ദേഹത്തിന്റെ ഭാവി ഇക്കൂട്ടരെ ആശ്രയിച്ചായിരിക്കാം തീരുമാനിക്കപ്പെടുന്നത്.

ജാതി - മത ശക്തികളുടെ "ഭയ കൗടില്യലോഭങ്ങള്‍"ക്കു വഴങ്ങിയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കാന്‍ തുടങ്ങുന്നത് എന്നതിന്റെ സൂചനയാണ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം തിരുത്താനുള്ള സമിതിയെ നിയോഗിക്കുന്നതിലൂടെ വെളിവാകുന്നത്. ഇത് അക്കാദമികരംഗത്ത് വളരെ അപകടകരമായ ഒരു പ്രവണതയ്ക്കാണ് തുടക്കംകുറിക്കുന്നത്. ഹൈസ്കൂളില്‍നിന്നും ഹയര്‍ സെക്കന്‍ഡറിയിലേക്കും കോളേജു ക്ലാസുകളിലേക്കും ജാതി - മത സംഘടനകളുടെ നീരാളിക്കൈകള്‍ നീണ്ടുചെല്ലും. ആരുടെയും വികാരത്തെ നോവിക്കാതെ വേണം ചരിത്രം പഠിപ്പിക്കാന്‍ എന്ന് അധികാരികള്‍ നിര്‍ദ്ദേശിച്ചാല്‍ അത് അനുസരിക്കാന്‍ അക്കാദമിക സമൂഹം ബാദ്ധ്യസ്ഥമാണോ എന്നതാണ് ചോദ്യം. "ശഠരാകുമൃഷികളുടെ ശാപം ഭയന്ന രചര്‍ ചാപം കുലക്കു"മ്പോള്‍ വിരണ്ടുപോകാന്‍ തക്കവണ്ണം ഷണ്ഡീകരിക്കപ്പെട്ടവരല്ല കേരളത്തിലെ അക്കാദമിക സമൂഹം. ഭൂതകാലം നമ്മുടെ മുന്നിലില്ല. ഭൂതകാലത്തെ സംബന്ധിച്ച തെളിവുകളും രേഖകളും മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അവയെ വിശകലനം ചെയ്ത് അവതരിപ്പിക്കുക എന്ന ദൗത്യമാണ് ചരിത്രകാരന്റെ മുന്നിലുള്ളത്. ഭൂതകാലത്ത് ജീവിച്ചിരുന്ന വ്യക്തികളെ അവരുടെ കാലഘട്ടത്തിന്റെ സാഹചര്യം വ്യക്തമാക്കിയതിനുശേഷമാണ് ചരിത്രകാരന്‍ അവതരിപ്പിക്കുന്നത്. ഈ സന്ദര്‍ഭവല്‍ക്കരണം പ്രധാനമാണ്. അല്ലെങ്കില്‍ ഈ ചരിത്ര പുരുഷന്മാര്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ പിടയ്ക്കും.

പരീശന്മാരെ ചമ്മട്ടികൊണ്ടാട്ടിയോടിച്ച യേശുവിനെ ഒരു കുറ്റവാളിയായി ആരും കരുതുന്നില്ല. യേശു നിഷ്പക്ഷനായിരുന്നുവെന്ന് ആരും പറയുകയില്ല. പക്ഷേ, അദ്ദേഹം ആരുടെ പക്ഷം പിടിച്ചുവെന്നത് ചരിത്രകാരന് പറയേണ്ടതായിവരും. ശ്രീ ബുദ്ധനും, മുഹമ്മദ് നബിയും, ശ്രീ നാരായണനും, മഹാത്മാഗാന്ധിയും ആരുടെ പക്ഷം പിടിച്ചുവെന്നത് പറയുക ചരിത്രകാരന്റെ ധര്‍മ്മമാണ്. അതറിയാനുള്ള അവകാശം വര്‍ത്തമാനകാല സമൂഹത്തിനുണ്ട്; വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഈ അറിവ് വിനിമയം ചെയ്യുമ്പോള്‍ ആര്‍ക്കെങ്കിലും നോവുന്നെങ്കില്‍ അവരത് സഹിക്കുകയോ നിവര്‍ത്തിയുള്ളൂ. നിങ്ങളറിഞ്ഞാല്‍ എനിക്ക് നോവും അതുകൊണ്ട് നിങ്ങളതറിയേണ്ട എന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ല. രോഗിക്കു വേദനിക്കുമെന്നുള്ളതുകൊണ്ട് അര്‍ബുദബാധയേറ്റ ജീവകോശങ്ങളെ ഛേദിച്ചു കളയേണ്ടെന്ന് ഒരു ഭിഷഗ്വരനും വിധിക്കുകയില്ലല്ലോ. ആ ഭിഷഗ്വരനോട് അങ്ങനെ നിര്‍ദ്ദേശിക്കാന്‍ ഭരണാധികാരിക്ക് ഒരധികാരവുമില്ല. അറിവ് വെളിച്ചമാണ്. അതിനെ ഭയക്കുന്നത് തമോശക്തികളാണ്. തമോശക്തികളുടെ വാലില്‍ കെട്ടിവലിച്ചിഴക്കാനുള്ളതല്ല കേരളം. അതല്ല കേരളത്തിന്റെ ജനാധിപത്യബോധം.

കടപ്പാട്‌ : വര്‍ക്കേഴ്‌സ്‌ ഫോറം ബ്ലോഗ്‌


സഭയെ ആക്ഷേപിക്കാൻ ചരിത്രദുർവ്യാഖ്യാനം - ബിഷപ്‌ മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലനസമിതി (SCERT) 2011-ൽ കേരളത്തിലെ പത്താംക്ലാസിൽ പഠിപ്പിക്കുന്നതിനായി നൽകിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകം ചരിത്രവഞ്ചനയായി മാറിയിരിക്കുകയാണ്‌. ഇരുപതംഗ പാഠപുസ്തകരചനാസമിതിയിൽ പേരിനൊരു കത്തോലിക്കനെ ഉൾപ്പെടുത്തി കത്തോലിക്കാസമൂഹത്തെ അപമാനിക്കാനുള്ള നീക്കമാണ്‌ ഈ പുസ്തകത്തിലൂടെ നടന്നത്‌. വിവാദപുസ്തകം എത്രയുംവേഗം പിൻവലിച്ചു പുതിയ പാഠപുസ്തകം തയാറാക്കണമെന്ന മുറവിളി കേരളത്തിലെങ്ങും ഉയർന്നുകഴിഞ്ഞിരിക്കുന്നതു സംസ്ഥാനത്തെ പുതിയ മന്ത്രിസഭ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുന്നു.

പത്താംക്ലാസിലെ സാമൂഹ്യശാസ്ത്രപാഠാവലിയിലെ ഒന്നാം അധ്യായമായ 'ആധുനികലോകത്തിന്റെ ഉദയം' എന്ന അധ്യായത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലാണ്‌ ഈ ലേഖനം. ഈ പാഠഭാഗത്തു കത്തോലിക്കാസഭയെ ആക്ഷേപിക്കാനും കുട്ടികളുടെ മുമ്പിൽ തെറ്റിദ്ധരിപ്പിക്കാനുമുള്ള ഒരു നിഗൂഢശ്രമമാണു നടത്തിയിരിക്കുന്നത്‌. ഒരു മതത്തെക്കുറിച്ചും ഇത്തരം ആക്ഷേപങ്ങൾ പറയരുത്‌. ഇതു ഭാരതം പിന്തുടരുന്ന സെക്കുലറിസത്തോടുള്ള അനാദരവും രാജ്യദ്രോഹക്കുറ്റവുംകൂടിയാണ്‌. പാശ്ചാത്യലോക ചരിത്രത്തെക്കുറിച്ചും പാശ്ചാത്യരാജ്യങ്ങളിൽ പ്രസ്തുത കാലഘട്ടങ്ങളിൽ വളർന്ന സഭാസംവിധാനത്തെക്കുറിച്ചും ഗ്രന്ഥരചനാസമിതി വേണ്ട രീതിയിൽ പഠനം നടത്താതെ എഴുതിയ പുസ്തകമാണിത്‌.

മതങ്ങൾ വളർന്നുവന്ന കാലഘട്ടങ്ങളിൽ, അന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങൾ എല്ലാ മതങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്‌. സാമൂഹ്യശാസ്ത്രം അതിന്റെ ചരിത്രപശ്ചാത്തലത്തിൽ പഠിക്കുമ്പോൾ ഏതെങ്കിലും ഒരു കാലഘട്ടത്തെയോ പ്രസ്ഥാനത്തെയോ കുറിച്ചു ചിന്തിക്കുക അതിന്റെ ചരിത്രപശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ്‌. മധ്യശതകത്തിലെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചോ ഫ്യൂഡലിസത്തെക്കുറിച്ചോ (ഫ്യൂഡലിസം എന്ന വാക്ക്‌ ഉപയോഗിക്കുന്നതല്ലാതെ ഒരു കൊച്ചുവാക്യംപോലും അതിന്റെ വിശദീകരണമായിട്ടില്ല) രാഷ്ട്രീയ വ്യവസ്ഥിതികളെക്കുറിച്ചോ പാഠഭാഗത്തു പരാമർശിക്കാതെ ഫ്യൂഡലിസത്തെ മുഴുവനും സഭയുടെമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന ഗ്രന്ഥസമിതിയുടെ അജ്ഞത വർണനാതീതമത്രേ.

അറിയാൻ പാടില്ലാത്ത മേഖലകളെക്കുറിച്ചു പഠിക്കാനാണു ശ്രമിക്കേണ്ടത്‌. കേരളത്തിൽത്തന്നെ ആയിരക്കണക്കിനു വ്യക്തികൾ മധ്യകാല യൂറോപ്യൻ ചരിത്രത്തിൽ പഠനം നടത്തിയവരാണെന്നു പാടേ മറക്കാതിരിക്കുന്നതു നല്ലതാണ്‌. ചരിത്രപഠനം ചരിത്രത്തെ ആക്ഷേപിക്കലല്ല; ചരിത്രത്തെ വികലമാക്കുന്ന പ്രവൃത്തിയുമല്ല. എന്തെങ്കിലും പോരായ്മകൾ ഉണെ്ടങ്കിൽ അതുമാത്രം കണെ്ടത്തുന്നതും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതും ചരിത്രപഠനമല്ല. ചരിത്രപഠനം എന്നതു ചരിത്രത്തിൽനിന്നു പാഠം പഠിക്കുകയാണ്‌. അതിനു സത്യസന്ധമായ സമഗ്രവീക്ഷണം കൂടിയേ തീരൂ.

"ഫ്യൂഡൽ കാലഘട്ടത്തിൽ യൂറോപ്പിൽ വിജ്ഞാനതൃഷ്ണയുടെയും യുക്തിചിന്തയുടെയുംമേൽ കത്തോലിക്കാസഭ കർശനനിയന്ത്രണമേർപ്പെടുത്തിയിരുന്നു" (പേജ്‌. 10). ഫ്യൂഡൽ വ്യവസ്ഥിതി കത്തോലിക്കാസഭ കൊണ്ടുവന്നതല്ല. ജീവിതത്തിന്റെ സമസ്തമേഖലകളിലും ഫ്യൂഡലിസം ബാധിക്കുകയുണ്ടായി. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, വൈജ്ഞാനിക മേഖലകളെയും മതവിശ്വാസത്തിന്റെയും ആചാരത്തിന്റെയും മേഖലകളെയും ഒരുപോലെ ബാധിച്ചു. ഈ കാലഘട്ടത്തിൽ ഇന്ത്യയിലും അറബിരാജ്യങ്ങളിലും വൈജ്ഞാനികപുരോഗതി ഉണ്ടായി എന്നുപറയുന്നതും ശരിയല്ല. മധ്യശതകങ്ങളിൽ വിജ്ഞാനമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു കത്തോലിക്കാസഭ മാത്രമാണെന്നു പറയുന്നതു യുക്തിക്കു നിരക്കാത്തതാണ്‌.

അക്കാലത്തു നിലനിനിന്നിരുന്ന ഫ്യൂഡലിസമെന്ന പ്രത്യേക സാമൂഹ്യവ്യവസ്ഥ സഭയേയും സ്വാധീനിച്ചു എന്നതു ശരിയാണ്‌; ഫ്യൂഡലിസത്തിന്റെ മുഴുവൻ കാരണം സഭയാണെന്നു പറയുന്നതു തികച്ചും തെറ്റും. യുക്തിചിന്തയുടെമേൽ കർശനമായ നിയന്ത്രണം വരുത്തി എന്നുപറയുന്നതു പൂർണമായും സത്യവിരുദ്ധമാണ്‌. മധ്യകാലഘട്ടങ്ങളിലെ തോമസ്‌ അക്വീനാസ്‌, ആൻസലം, ബൊനവെഞ്ച്വർ തുടങ്ങിയ ക്രൈസ്തവപണ്ഡിതരുടെ കൃതികൾ വിശ്വാസവിഷയങ്ങളിൽ യുക്തിയുടെ സ്ഥാനം ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട കാലഘട്ടമാണ്‌. ഇത്രയും യുക്തിഭദ്രമായ രീതിയിൽ മതപരമായ വാക്യങ്ങൾ എഴുതപ്പെട്ട ഒരു കാലഘട്ടവും തന്നെയില്ല. വിശ്വാസം യുക്തിയിൽ അധിഷ്ഠിതമാണെന്നും, വിശ്വാസം യുക്തിക്ക്‌ അപ്പുറത്തേക്ക്‌ എത്തിനിൽക്കുന്നു എന്നുമുള്ള ആപ്തവാക്യം വന്നതുതന്നെ ഈ കാലഘട്ടത്തിലാണ്‌.

'ആധുനിക ലോകത്തിന്റെ ഉദയം' എന്നപേരിലുള്ള ഒന്നാം പാഠത്തിൽ കടന്നുകൂടിയിരിക്കുന്ന അബദ്ധങ്ങൾ ഒരു മതേതരരാജ്യത്ത്‌ ഒരു കാരണത്താലും അംഗീകരിക്കാൻ സാധ്യമല്ല. പാശ്ചാത്യ- പൗരസ്ത്യ വിജ്ഞാനങ്ങളുടെ സംഗമഭൂമിയായ ഇറ്റാലിയൻ നഗരങ്ങൾ നവോത്ഥാന കാലഘട്ടത്തിൽ നൽകിയ സംഭാവനകൾ വിവരിച്ചുകൊണ്ടു സഭയെ ആക്രമിക്കാനുള്ള വ്യക്തമായ ഒരു അജൻഡയോടുകൂടിയാണ്‌ ഈ അധ്യായം ആരംഭിക്കുന്നത്‌. ഇറ്റാലിയൻ നവോത്ഥാനത്തെ സംബന്ധിച്ച വിവരണം തുടങ്ങുന്നതു വളരെ അബദ്ധജഡിലമായ ഒരു പ്രസ്താവനയോടുകൂടിയാണ്‌. റോമൻ സാമ്രാജ്യത്തിന്റെ അന്ത്യത്തിനും എ.ഡി. പത്താംനൂറ്റാണ്ടിനും ഇടയിൽ ലോകമാകെ ബാധിച്ച ഇരുണ്ടയുഗത്തിനും ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ സാഹിത്യം, തത്ത്വശാസ്ത്രം, കല, രാഷ്ട്രീയം, ശാസ്ത്രം, മതം എന്നീ മേഖലകളിലുണ്ടായ പുനർജന്മമാണു നവോത്ഥാനം എന്നതുകൊണ്ട്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും നിർവചിക്കുന്നത്‌. നവോത്ഥാനം സഭയിൽമാത്രം നടന്ന ഒരു കാര്യമല്ല. അതു രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളിൽ കൈവന്ന ഉണർവാണ്‌.

ഇക്കാലത്തെ കലാ-സാഹിത്യകാരന്മാർ മനുഷ്യവർഗപ്രേമികൾ (ഹ്യൂമനിസ്റ്റുകൾ) എന്നു പൊതുവെ അറിയപ്പെട്ടു. പ്രകൃത്യതീതശക്തികളെ കുറെയെല്ലാം തിരസ്കരിക്കുകയും മനുഷ്യബുദ്ധിയെ ഉയർത്തിപ്പിടിക്കുകയും ചെയ്ത ഒരു സംസ്കാരമായിരുന്നു ഇവരുടേത്‌. സഭയുടെ ചില പ്രബോധനങ്ങളെ ഇവർ എതിർത്തിരുന്നുവെങ്കിലും പോപ്പ്‌ നിക്കോളാസ്‌ അഞ്ചാമന്റെ കാലം മുതൽ (1447-1455) മാർപാപ്പമാർ നവോത്ഥാനത്തിനു രക്ഷാകർതൃത്വം നൽകിയിരുന്നു. നവോത്ഥാനകാലത്ത്‌ ചില സാഹിത്യകാരന്മാർ തനി ലൗകായതികരായി മാറിക്കൊണ്ടു പുരാതനകൃതികളെ തെറ്റായി വ്യാഖ്യാനിച്ചവരായിരുന്നു. അവരിൽ ചിലരുടെ സംഭാവനകളെ അതിവർണനം ചെയ്തും അക്കാലത്തെ പ്രബലരായിരുന്ന ക്രൈസ്തവ ഹ്യൂമനിസ്റ്റുകളെ അവഗണിച്ചുകൊണ്ടുമുള്ള വിവരണങ്ങളാണു പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌.

പെട്രാർക്ക്‌, ഇറാസ്മസ്‌ തുടങ്ങിയവർ ക്രൈസ്തവ ഹ്യൂമനിസ്റ്റുകളായിരുന്നുവെങ്കിലും അവരുടെ സംഭാവനകളെ തെറ്റിദ്ധരിപ്പിക്കുംവിധമാണ്‌ വ്യാഖ്യാനിച്ചിരിക്കുന്നതെന്നു ചരിത്രം പരിശോധിച്ചാൽ കണെ്ടത്താനാവും. "സ്വർഗസ്ഥനായ ദൈവത്തിന്റെയും പുണ്യാളന്മാരുടെയും മാലാഖമാരുടെയും അപദാനങ്ങളെ വാഴ്ത്തുന്ന മധ്യകാല സാഹിത്യശൈലിയിൽനിന്നു വ്യത്യസ്തമായി വെറും മനുഷ്യരുടെ വിചാരവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പെട്രാർക്കിന്റെ ഗീതകങ്ങൾ" എന്നു പാഠപുസ്തകത്തിൽ (പേജ്‌ 13) ചേർത്തിരിക്കുന്നു. ഫ്രാൻസിസ്കോ പെട്രാർക്ക്‌ (1304-74), ലോറെൻസോ വല്ലാ (1406-57), മാർസിലിയോ ഫിഷിനോ (1433-99) തുടങ്ങിയവരെല്ലാം തത്ത്വശാസ്ത്രത്തിനും ക്രിസ്തീയതയ്ക്കും തമ്മിൽ ഒരു ഐക്യം അല്ലെങ്കിൽ സ്വരച്ചേർച്ച ഉണ്ടാക്കുവാൻ പരിശ്രമിച്ചവരാണ്‌. അവരുടെ ആശയങ്ങളെ വികലമായി സമീപിക്കുന്നതിന്റെ ഉദാഹരണമാണു പാഠപുസ്തകത്തിലെ ഈ പ്രസ്താവന.

നവോത്ഥാന കലയെക്കുറിച്ചു പഠിപ്പിക്കാൻ നൽകിയിരിക്കുന്ന പാഠഭാഗത്തും ഒരു ദുഃസൂചനപോലെയാണു "ശാന്തഗംഭീരനായിരിക്കുന്ന യേശുവിനെയും സംശയദൃഷ്ടിയോടെ പരസ്പരം വീക്ഷിക്കുന്ന 12 ശിഷ്യന്മാരെയും അവതരിപ്പിക്കുന്ന "അവസാനത്തെ അത്താഴത്തിലും"

(Last Supper) .... ഡാവിഞ്ചിയുടെ മാനവികത പ്രകടമാണ്‌. ക്രൈസ്തവസമൂഹം മുഴുവനും തങ്ങളുടെ ഭവനങ്ങളിൽ, പ്രത്യേകിച്ച്‌ ഭക്ഷണമുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വളരെ മനോഹരമായ അന്ത്യഅത്താഴചിത്രം വിശുദ്ധ കുർബാനയുടെ സ്ഥാപനം എന്ന സത്യം വെളിപ്പെടുത്തുന്നതാണ്‌. നാലു സുവിശേഷകരും പെസഹാ ആചരണത്തെ ഒരേപോലെ വിവരിക്കുന്ന ഈ രംഗത്ത്‌ പാഠപുസ്തക രചയിതാവു കണ്ട മാനവികത എന്താണെന്നോ, ഏതുകാരണത്തെപ്രതിയാണ്‌ യേശുശിഷ്യർ സംശയദൃഷ്ടിയോടെ പരസ്പരം വീക്ഷിക്കുന്നതെന്നോ വെളിപ്പെടുത്താൻ തയാറാകാതെ കുട്ടികളിൽ വെറുതെ ഒരു സംശയത്തിന്റെ മനോഭാവം ഉണർത്തുവാൻ ശ്രമിക്കുകയാണെന്നു കാണേണ്ടിയിരിക്കുന്നു.

കത്തോലിക്കാജീവിതത്തിന്റെ കേന്ദ്രബിന്ദുവാണു വിശുദ്ധ കുർബാന. അതു സ്ഥാപിച്ച സംഭവം ഏറെ വികാരവായ്പോടെയാണു കത്തോലിക്കർ അനുഷ്ഠിക്കുന്നതും. അപ്പം വാങ്ങിയ അവസരത്തിൽ ഈശോ ശിഷ്യരോടു പറയുന്നു "നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും" (മത്തായി 26:21-22). "കർത്താവേ അത്‌ ഞാൻ അല്ലല്ലോ എന്ന്‌ ഓരോരുത്തരും അവനോടു ചോദിക്കാൻ തുടങ്ങി" ഇതാണ്‌ അവിടെ സംഭവിച്ചത്‌. ശിഷ്യർ പരസ്പരം സംശയത്തോടെ നോക്കുകയല്ല; കർത്താവിനോടു ചോദിക്കുകയാണ്‌. 26:25-ൽ "അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ്‌ അവനോടു ചോദിച്ചു: "ഗുരോ, അതു ഞാനോ. അവൻ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു". ഏറ്റവും ഹൃദയസ്പർശിയായ ഈ രംഗത്തിൽനിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തു പുകമറസൃഷ്ടിക്കുന്നതെന്തിന്‌ എന്നു മനസിലാകുന്നില്ല.

നവോത്ഥാനം ഇതര യൂറോപ്യൻ രാജ്യങ്ങളിൽ

ഈ ശീർഷകത്തിൽ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ മൂന്നാംഖണ്ഡിക "കത്തോലിക്കാസഭയുടെ കാലഹരണപ്പെട്ട വിശ്വാസപ്രമാണങ്ങളെ കളിയാക്കുന്നതാണു ഡച്ചുഭാഷയിൽ ഇറാസ്മസ്‌ രചിച്ച "വിഡ്ഢിത്തത്തെ വാഴ്ത്തൽ" (In Praise of Folly) എന്ന കൃതി എന്ന്‌ ചേർത്തിരിക്കുന്നു. ഇതു വായിക്കുന്ന ആർക്കും തോന്നാവുന്ന ആശയം നവോത്ഥാനം കത്തോലിക്കാമതത്തിന്റെ വിശ്വാസപ്രമാണങ്ങൾവഴി ലോകത്തിൽ ഉണ്ടായ പ്രശ്നങ്ങൾമൂലം സംഭവിച്ചതെന്നാണ്‌. സത്യത്തിൽ കത്തോലിക്കാസഭാ വിശ്വാസപ്രമാണങ്ങൾ നിലനിന്നതാണ്‌ അന്നും ഇന്നും യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപിനു കാരണമെന്നു പഠനം നടത്തുകയാണെങ്കിൽ കണെ്ടത്താൻ കഴിയും. നവോത്ഥാനകാലത്തു ലൗകികമാത്രമായ ഒരു മൂല്യസംഹിത ഉടലെടുത്തു. കത്തോലിക്കാവിശ്വാസം പിടിച്ചുനിർത്തിയ മാനുഷികമൂല്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ലോകഗതി മറ്റൊന്നാകുമായിരുന്നു.

വിനാശകരവും അപകടപൂർണവുമെന്നു വിലയിരുത്തപ്പെട്ട പുരാതനസാഹിത്യകൃതികളായ വെർജിലിന്റെ "ഏനിയഡും, ഹോമറിന്റെ "ഇലിയഡും" "ഒഡിസി"യുമെല്ലാം ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തി. അതു പുരാതന ഗ്രീക്ക്‌-റോമൻ സംസ്കാരത്തിന്റെ പുനരുദ്ധാരണത്തിനു കാരണമായി. ഈ സംസ്കാരം നിലവിലിരുന്ന വ്യവസ്ഥിതികളെ വെല്ലുവിളിച്ചു. ഈ സാഹചര്യത്തിൽ സഭാവിശ്വാസപ്രമാണങ്ങളിൽ മനുഷ്യന്റെ ശാരീരികാഭിലാഷങ്ങളെയും ബൗദ്ധികതീക്ഷ്ണതയെയും കടിഞ്ഞാണിട്ടു നിർത്തുന്നത്‌ ഏറ്റവുമധികം വിമർശിപ്പിക്കപ്പെട്ടു. അത്തരമൊരു വിശ്വാസപ്രമാണമാണ്‌ എന്നും സഭ മുറുകെപ്പിടിക്കുന്നതും. സാമൂഹ്യധാർമികത ലോകത്തിൽ നിലനിൽക്കുന്നതു ജഡികതാൽപര്യങ്ങളെ അഴിഞ്ഞാടാൻ അനുവദിക്കുമ്പോഴല്ല; സ്രഷ്ടാവിനെ ചോദ്യം ചെയ്യാൻ മുതിരുമ്പോഴുമല്ല.

ദൈവശാസ്ത്രത്തിലും ബൈബിൾ വിഷയങ്ങളിലും, വൈദികർക്കും അൽമായർക്കുമുണ്ടായിരുന്ന അജ്ഞത നവോത്ഥാനത്തെ സ്വാധീനിച്ചു. അതു പരിഹരിക്കുകയായിരുന്നു ഇറാസ്മസിനെപ്പോലുള്ള (1466-1536) ക്രൈസ്തവ ഹ്യൂമനിസ്റ്റുകൾ ചെയ്തത്‌. സഭയെ ഫ്യൂഡൽപ്രഭുക്കൾ പിടിച്ചടക്കാനും നിയന്ത്രിക്കാനും ശ്രമിച്ച ഈ കാലയളവിൽ ഫരിസേയപ്രമാണികളിൽ ക്രിസ്തു വീക്ഷിച്ച അതേ വികലതകൾ അക്കാലത്തെ ക്രൈസ്തവരിലും ഇറാസ്മസ്‌ കണ്ടു. അവയിൽനിന്നു മോചനം നേടാൻ വേദപുസ്തകവും സഭാപിതാക്കന്മാരുടെ അനുശാസനങ്ങളും സൂക്ഷ്മമായി പഠിക്കണമെന്നാണ്‌ ഇറാസ്മസ്‌ പഠിപ്പിച്ചത്‌. എല്ലാവർക്കും ബൈബിൾ ലഭിക്കണമെന്ന ആഗ്രഹത്തോടെ 1516-ൽ ഗ്രീക്കു പുതിയനിയമത്തിന്റെ പതിപ്പ്‌ അദ്ദേഹം പ്രസിദ്ധീകരിച്ചു. ആദിമസഭയുടെ ലളിതവും സുന്ദരവുമായ പ്രബോധനരീതി ആവിഷ്കരിച്ച ഇറാസ്മസ്‌ ഒരിക്കലും കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങൾ കാലഹരണപ്പെട്ടതാണെന്നു കളിയാക്കിയില്ല. ചരിത്രവസ്തുതകൾ അറിയാതെ ചരിത്രകാരന്മാരെ തങ്ങളുടെ ആശയപുഷ്ടിക്കുവേണ്ടി വളച്ചൊടിക്കുന്ന ഒരു പ്രവണതയാണു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ പാഠപുസ്തകനിർമാതാക്കൾ ഏറ്റെടുത്തതെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.


ഇനി നിങ്ങള്‍ പറയൂ.....എന്തു വേണമെന്ന്‌ ?

3 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. മാര്‍ച്ച്‌
      പുതിയലക്കം മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഈ വിഷയം പ്രതിബാധിക്കുന്നു.

      ഇല്ലാതാക്കൂ
  2. ചരിത്രം എന്നത് കടന്നുപോയ സത്യം ആണ്. എന്നാല്‍ ചരിത്രം ഒരു പ്രവാചകനായി സത്യം പറഞ്ഞുതരാന്‍ ജീവനോടെ മുന്നില്‍ നില്‍ക്കുന്നില്ലയെന്നത് ചരിത്രവിദ്യാര്‍ഥിയുടെ ഗതികേടാണ്. പുസ്തകങ്ങളിലൂടെയാണ് ചരിത്രം സംവഹിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രം പറയുന്നവന്‍ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ വിഷം മനസ്സില്‍ പേറുന്നവനാകുമ്പോള്‍ അവന്‍റെ നിഷിപ്ത താത്പര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥി ഇരയായി തീരുന്നു. അവിടെ ചരിത്രമെന്ന സത്യം പരാജയപ്പെടുന്നു.
    ഇരുണ്ട മധ്യകാല ശതകങ്ങളില്‍ ലോകത്തെ സാംസ്‌കാരിക സ്ഥിതിവിശേഷത്തില്‍ ഒരു മതസംവിധാനത്തെ മാത്രം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ എന്താണര്‍ത്ഥം? എന്നാല്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ പിന്നീടുള്ള കാലത്ത് ക്രൈസ്തവ സഭകള്‍ മനുഷ്യമനസ്സിനുമേലുള്ള വിലങ്ങഴിക്കുകയും യുക്തിചിന്ത(യുക്തിവാദം എന്ന വിവരക്കേടല്ല ) വളരുകയും ലോകത്ത് ശാസ്ത്രപുരോഗതി ഉണ്ടാവുകയും ചെയ്തത് ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും? മതം തലച്ചോറിന് കൂച്ചുവിലങ്ങിട്ട മതാധിഷ്ടിത രാജ്യങ്ങളില്‍ എന്ത് ശാസ്ത്രപുരോഗതിയുണ്ടായി?
    സമുദായങ്ങളുടെ തിന്മകളും ലോകം അറിയേണ്ടത് തന്നെ. എങ്കില്‍ മതങ്ങളുടെ മറപിടിച്ച് നടമാടുന്ന ഭീകരതയും മനുഷ്യാവകാശനിഷേധങ്ങളും എന്തുകൊണ്ട് പാടപുസ്തകങ്ങളില്‍ വിഷയമാക്കുന്നില്ല? 'താടിയുള്ള ആശാനെ' പേടിയുണ്ട് അതുകൊണ്ടുതന്നെ. 'മഹാന്മാരായ' വിപ്ലവ ആചാര്യന്മാര്‍ റഷ്യയിലും,ചൈനയിലും, കംബോടിയയിലും നടത്തിയ ദശലക്ഷകണക്കിന് വരുന്ന കൂട്ടക്കൊലകളെപറ്റിയും കുട്ടികളെ പഠിപ്പിക്കേണ്ടതല്ലേ? ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ അപകര്‍ഷം പേറുന്നവര്‍ ആണ് കത്തോലിക്കാസഭ പോലുള്ള ധാര്‍മിക സംവിധാനങ്ങളെ കൊഞ്ഞനം കുത്തുന്നത്.
    എത്ര കല്ലെറിഞ്ഞാലും ആയുധമെടുക്കാത്തവര്‍ ആണ് ക്രൈസ്തവര്‍ എന്ന് ഇക്കൂട്ടര്‍ നന്നായി വിലയിരുത്തിയിരിക്കുന്നു. ഇത് ക്രൈസ്തവ ധാര്‍മികതയുടെ പരോക്ഷമായ അംഗീകാരം കൂടിയാണ്. അപ്പോള്‍ മനുഷ്യനിലെ മതധാര്‍മികതയില്‍ അധിഷ്ടിതമായ മൂല്യങ്ങളെ ക്രമേണ ദുര്‍ബലപ്പെടുത്തി ഭൌതിവാദത്തിന്‍റെ വിഷം ക്രമേണ കുത്തിവയ്ക്കാം. സര്‍ക്കാര്‍ ചെലവില്‍ തന്നെ!.

    മറുപടിഇല്ലാതാക്കൂ

ജനപ്രിയ പോസ്റ്റുകള്‍‌