പേജുകള്‍‌

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

ക്ലാസുകളില്‍ റെഡിമൈഡ് നോട്ട് വേണ്ട
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

അക്ബറലി ചാരങ്കാവ്

2019 july 24 നു സിറാജ് , അക്ഷരം പ്രസിദ്ധീകരിച്ചത്.

ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.

പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.

എല്ലാവര്‍ക്കും ഒരേ നോട്ടുകള്‍ എത്തിക്കാനും സമയം ലാഭിക്കാനുമെല്ലാം ഈ രീതി സഹായിക്കുമെങ്കിലും ഈ രീതി പഠനപ്രക്രിയയെ പിറകോട്ട്‌വലിക്കുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഒന്നാമതായി കുട്ടിയുടെയും അധ്യാപകന്റെയും സര്‍ഗാത്മക ചിന്താശേഷിക്കും (Creative thinking ) വിമര്‍ശനാത്മക ചിന്തക്കുമുള്ള (Critical thinking )അവസരം ഇതിലൂടെ നഷ്ടപ്പെടുകയാണ് .ഇന്റര്‍നെറ്റില്‍ യഥേഷ്ടം നോട്ടുകളും മറ്റു വിഭവങ്ങളുള്ളതിനാല്‍ അവ അപ്പടി എടുത്ത ശേഷം പങ്കുവെക്കുക എന്നതല്ലാതെ സ്വയം ചിന്തിച്ച് പുതിയതായി സൃഷ്ടിക്കുന്ന അവസരം ഇതിലൂടെ നഷ്ടമാകുന്നു.

ടാബിനെയും ലാപ്‌ടോപ്പിനെയും അപേക്ഷിച്ച് നോട്ട് എഴുത്ത് പുസ്തകത്തിലേക്ക് മാറുന്നതോടെ വേഗത കുറയും എന്നത് വസ്തുതയാണ്.ഈ വേഗതയില്ലായ്മ പഠനത്തെ സഹായിക്കുന്നതാണ്.ഇപ്രകാരം പതുക്കെ നീങ്ങുമ്പോള്‍ ചില വാക്യങ്ങള്‍ എഴുതാന്‍ കഴിയാതെ വരികയും അവ കണ്ടെത്താനുള്ള ശ്രമം കുട്ടി നടത്തുകയും ചെയ്യും.ആശയങ്ങള്‍ സംഗ്രഹിക്കാനും, മനസ്സിലാവാത്തവ അധ്യാപകനോട് വീണ്ടും ചോദിക്കാനുള്ള അവസരമെല്ലാം ഇതുവഴി ക്ലാസില്‍ സൃഷ്ടിക്കപ്പെടുന്നു.റെഡിമൈഡ് നോട്ട് ലഭിക്കുമ്പോള്‍ ഈ അവസരമെല്ലാം ഇല്ലാതാവുകയാണ്.

എഴുത്തിന്റെ വേളയില്‍ തലച്ചോറിലെ ചില പ്രത്യേകം സിരകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് പഠനത്തെ സഹായിക്കുന്ന രീതിയില്‍ ഓര്‍മ്മയെ ഉറപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്നും പാരിസിലെ മനശാസ്ത്രജ്ഞനായ സ്റ്റാനിലാസ് ഡിഹാന്‍, ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.കൂടാതെ എഴുത്തിന്റെ വേളയില്‍ കൂടുതല്‍ ആശയങ്ങളെ സംഭാവന ചെയ്യാനും കുട്ടികള്‍ക്ക് സാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌