പേജുകള്‍‌

2019, ജൂൺ 23, ഞായറാഴ്‌ച

ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

ഭാഗം - 2
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

അക്ബറലി ചാരങ്കാവ്


ഒരു ക്ലാസ് ആരംഭിക്കുമ്പോഴുണ്ടാകുന്ന ബൗദ്ധികാവസ്ഥയല്ല ആ ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയിലുണ്ടാവേണ്ടത്.
തീര്‍ച്ചയായും പഠനത്തിന്റെ വികാസം അവിടെ പ്രകടമാവണം. ക്ലാസ് തുടങ്ങും മുമ്പ് എന്തായിരുന്നു കുട്ടിയുടെ അറിവ് ? ക്ലാസ് കഴിഞ്ഞ ശേഷം എന്താണ് അവസ്ഥ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചു വേണം പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടിയുടെ പഠനപുരോഗതി അറിയാന്‍ അധ്യാപകര്‍ക്ക് ക്ലാസില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളിലൊന്നാണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഉപയോഗം.എന്താണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍ ?  ക്ലാസ് പിരിയഡ് ആരംഭിക്കുമ്പോള്‍ അധ്യാപകന്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചെറിയ കടലാസ് കഷ്ണങ്ങള്‍ നല്‍കുന്നു.

പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നേരത്തെ അറിയാവുന്ന വിവരങ്ങളെ പരിശോധിക്കുന്ന നാലോ അഞ്ചോ ചോദ്യങ്ങള്‍ ആണ് അവയിലുള്ളത്. ഓരോരുത്തര്‍ക്കും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെഴുതാന്‍ ശ്രമിക്കാം.ഇത് പരീക്ഷയല്ലാത്തതിനാല്‍ മത്സര ബുദ്ധിയോടെ കൂടുതല്‍ മാര്‍ക്ക് നേടേണ്ട കാര്യമൊന്നുമില്ല.നമുക്ക് അറിയാവുന്നത് എന്താണോ അതെഴുതുക. ആറോ ഏഴോ മിനുട്ടിന് ശേഷം അധ്യാപകന് ഓരോ കുട്ടിയുടെയും കടലാസുകളിലൂടെ കണ്ണോടിക്കാം.അതുവഴി നമ്മുടെ കുട്ടികള്‍ എവിടെ നില്‍ക്കുന്നുവെന്നും ഇനി എത്രത്തോളം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അധ്യാപകന് മനസ്സിലാക്കാം.കുട്ടികള്‍ കൂടുതലായാല്‍ എല്ലാം നോക്കാന്‍ സമയം കിട്ടില്ലെങ്കിലും ഒരു ചെറിയ ഗ്രൂപ്പ് ചര്‍ച്ച ഇതുവഴി തുടങ്ങാം.ഇപ്രകാരം എല്ലാവരുടെയും ശ്രദ്ധ വിഷയത്തിലേക്ക് പെട്ടെന്ന് കൊണ്ടുവരാന്‍ അധ്യാപകന് സാധിക്കുന്നു.പ്രത്യേകിച്ചും കുട്ടിയുടെ മുന്നറിവ് പരിശോധിക്കാനാണ് എന്‍ട്രികാര്‍ഡ് ഉപയോഗിക്കുന്നത്.

എക്‌സിറ്റ് കാര്‍ഡും ഏതാണ് സമാനമാണ്.ക്ലാസിന്റെ അവസാനമാണ് ഇത് ഉപയോഗിക്കുന്നത് എന്ന വിത്യാസമേ ഉള്ളൂ.അതേ പേജില്‍ തന്നെ മറ്റൊരു കോളത്തില്‍ ഇപ്പോള്‍ കുട്ടികള്‍ ഉത്തരമെഴുതുന്നതോടെ പഠന പുരോഗതി ആര്‍ക്കും മനസ്സിലാകാം.ഉദാഹരണമായി ഭൗതികശാസ്ത്രത്തിലം ബലം എന്ന വിഷയത്തെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം എന്ന ചോദ്യം എന്‍ട്രി കാര്‍ഡില്‍ നല്‍കാം.ക്ലാസിന്റെ അവസാന സമയം ഇതെ ചോദ്യത്തിന് എക്‌സിറ്റ് കാര്‍ഡില്‍ കുട്ടി ഉത്തരമെഴുതുമ്പോള്‍ എന്താണ് പ്രസ്തുത ക്ലാസില്‍ നിന്ന് കുട്ടി വിഷയത്തെ കുറിച്ച് മനസ്സിലാക്കിയതെന്ന് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കുന്നു.
നോട്ടുപുസ്തകത്തില്‍ പാഠഭാഗത്തിന്റെ തുടക്കത്തില്‍ പ്രസ്തുത പേജ് ഒട്ടിച്ചുവെച്ചാല്‍ നന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും കടലാസില്‍ ചോദ്യങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കാന്‍ സാധ്യമല്ലെങ്കില്‍ ചോദ്യങ്ങള്‍ ബോര്‍ഡില്‍ എഴുതിക്കൊടുത്താലും മതിയാകും.

 എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഒരു സാംപിള്‍ താഴെ..

ചോദ്യങ്ങള്‍
എന്ട്രി കാർഡ്
എക്സിറ്റ് കാർഡ്
ബലം എന്നതിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?




ബലം അളക്കുന്നതിനുള്ള ഏകകത്തിന്‍റെ പേരെന്ത് ?




വിവിധ തരത്തിലുള്ള ബലം ഏതെല്ലാം?




എന്താണ് ഗുരുത്വാകര്‍ഷണ ബലം?




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌