പേജുകള്‍‌

2011, ജൂൺ 29, ബുധനാഴ്‌ച

പത്താംതരത്തിലെ സാമൂഹ്യ ശാസത്ര പുസ്‌തകം : സര്‍ക്കാറിന്‌ തെറ്റുപറ്റിയെന്ന്‌ ഡോ. എം ജി എസ്‌



അക്‌ബറലി ചാരങ്കാവ്‌
മലപ്പുറം: പത്താം ക്ലാസ്‌ സാമൂഹ്യ പാഠത്തിലെ കൈസ്ര്‌തവ സഭക്കെതിരായ പരാമര്‍ശം നീക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റായിപോയെന്ന്‌ പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ്‌ നാരായണന്‍. പാഠഭാഗവുമായി ബന്ധപ്പെട്ട്‌ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരാതിക്കാരെയും, ചരിത്രകാരന്മാരെയും ഒന്നിച്ചിരുത്തി പരിഹാരം കാണുകയാണ്‌ വേണ്ടിയിരുന്നത്‌.

പത്താംതരം സാമൂഹ്യ ശാസത്ര പാഠപുസ്‌തകത്തിലെ " ആധുനിക കാലത്തിന്റെ ഉദയം' എന്ന ഭാഗത്തെ പരാമര്‍ശങ്ങള്‍ സഭാ വിരുദ്ധമാണെന്ന്‌ കത്തോലിക്ക സഭ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ്‌ ഡോ. ഡി. ബാബുപോള്‍, പ്രഫ. റെയ്‌മണ്‍ എന്നിവരടങ്ങിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്‌. ചരിത്രകാരനായ ഡോ. എം.ജി.എസ്‌ നാരായണന്‍ സമിതിയില്‍ നിന്ന്‌ പിന്മാറിയിരുന്നു.ഇതും സംബന്ധിച്ച്‌ "സിറാജ്‌ " ലേഖകന്‍ ഡോ. എംജിഎസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ്‌ എംജിഎസ്‌ തുറന്നടിച്ചത്‌.

പാഠപുസ്‌തകം പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയത്‌ തന്റെ അറിവോടെ ആയിരുന്നില്ല. ഉള്‍പ്പെടുത്തി കഴിഞ്ഞ ശേഷമാണ്‌ ജെയിംസ്‌ വര്‍ഗീസ്‌ എന്നയാള്‍ എന്നെ വിളിച്ചറിയിച്ചത്‌. കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത്‌ ഡി. ബാബുപോളിനെ നിയമിച്ചത്‌ ശരിയായില്ല. ചരിത്രപരമായ വിവാദങ്ങളാകുമ്പോള്‍ പരിശോധിക്കാന്‍ ചരിത്രകാരന്മാരെയാണ്‌ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിയമിക്കേണ്ടിയിരുന്നത്‌. അല്ലാതെ ദൈവശാസ്‌ത്ര പണ്ഡിതന്മാരെയല്ല. ഇക്കാരണം കൊണ്ടാണ്‌ ഞാന്‍ കമ്മിറ്റിയില്‍ നിന്ന്‌ ഒഴിവായതെന്ന്‌ എംജിഎസ്‌ പറഞ്ഞു.

`പാഠപുസ്‌തക രചയിതാക്കള്‍ മാര്‍ക്‌സിസ്റ്റ്‌ രീതിയില്‍ രചന നടത്തിയെന്ന ഡി ബാബുപോള്‍ സമിതിയുടെ കണ്ടെത്തല്‍ ശരിയല്ല. ക്രിസ്‌തീയ സഭ പാപവിമോചന പത്രിക വില്‍പ്പന നടത്തി പണം പിരിച്ചെടുത്തതതും, ഇന്‍ഡക്‌സ്‌ തയ്യാറാക്കിയതും,ദൈവ നിഷേധികളെ നേരിടാന്‍ ഇന്‍ക്വിസഷന്‍ കോടതി സ്ഥാപിച്ചതുമെല്ലാം ചരിത്രത്തിലെ വസ്‌തുതയാണെന്നും ഇതൊന്നും ഒളിച്ചുവെക്കാന്‍ പാടില്ലെന്നും അദ്ധേഹം പറഞ്ഞു. ഇങ്ങിനെ ഒളിച്ചുവെച്ചാല്‍ ബുദ്ധിയുള്ള കുട്ടികള്‍ മറ്റു പുസ്‌തകങ്ങളെടുത്തു വായിക്കും. കത്തോലിക്കാ സഭയിലെ അനാചാരങ്ങളെ കുറിച്ച്‌ പ്രതിബാധിക്കുന്ന വസ്‌തുതകള്‍ ആസൂത്രിതമായി രചിച്ചവയെല്ലെന്നും, ഇംഗ്ലീഷ്‌ ചരിത്രകാരന്മാരുടെ ചരിത്രം അവലംബമാക്കുന്നത്‌ കൊണ്ടാണ്‌ ഒരു വശം മാത്രം പ്രതിബാധിച്ചത്‌.
നിലവിലുള്ള രീതി പ്രകാരം സര്‍ക്കാറുകള്‍ പാഠപുസ്‌തകം ഉണ്ടാക്കാന്‍ പാടില്ല.ജനാധിപത്യ സമീഹത്തില്‍ ഈ രീതി നിലവിലില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ക്കാണ്‌ ഈരീതി വന്നത്‌. ഒരുപാട്‌ പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ പാഠപുസ്‌തകം നവീകരിക്കാനുള്ള തീരുമാനത്തിലൂടെ അപഹാസ്യമായി തീരുകയാണ്‌ ഉണ്ടായത്‌.
ബാബു പോള്‍ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കെയാണ്‌ സമിതിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരന്റെ ഈ വെളിപ്പെടുത്തല്‍.

2 അഭിപ്രായങ്ങൾ:

ജനപ്രിയ പോസ്റ്റുകള്‍‌