പേജുകള്‍‌

2014, ജൂൺ 1, ഞായറാഴ്‌ച

നമ്മുടെ കുട്ടികള്‍ എവിടെ പഠിക്കണം?

ലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാംതരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്.സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും,സുഷീല്‍ ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്റെ മകന് നേരെ തിരിച്ചുമാണ് ആഗ്രഹം.അച്ഛനെപോലെ വലിയവനായിരുന്നെങ്കില്‍ സ്‌കൂളിലൊന്നും പോകേണ്ടല്ലോ എന്നാണ് ആ കുട്ടി ചിന്തിക്കുന്നത്.ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ കുട്ടികളായിരുന്ന നമ്മളും ചിലപ്പോള്‍ ഇങ്ങിനെ ചിന്തിച്ചിട്ടുണ്ടായിരിക്കാം.കാലവും കാര്യങ്ങളുമൊക്കെ എത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും നമ്മുടെ വിദ്യാലയങ്ങയോടുള്ള ഒരു തരം അതൃപ്തി മാറിയിട്ടില്ല.

ഒരു കുട്ടിയുടെ സ്‌കൂളിലേക്കുള്ള പോക്കും വരവും ശ്രദ്ധിച്ചാല്‍ നമുക്ക് ഈ സത്യം ബോധ്യമാകും.വലിയ ഉത്സാഹമൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി പോകുന്ന കുട്ടി തിരിച്ചുവരുമ്പോള്‍ വലിയ സന്തോഷത്തിലാണ്.എല്ലാ സ്‌കൂളുകള്‍ക്കും ബസ് സൗകര്യങ്ങളൊക്കെ ആയ ഇക്കാലത്ത് ഓടിയും ചാടിയും ചെളിയില്‍ കളിച്ചും പക്ഷികളോടും ചെടികളോടും കിന്നാരംപറയാനുള്ള സാഹചര്യമൊന്നുമില്ലെങ്കിലും സ്‌കൂളിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ സന്തോഷത്തിലാണ് കുട്ടികള്‍ തിരിച്ചുവരുന്നത്.സ്‌കൂള്‍ വിടാന്‍ നേരം ദേശീയ ഗാനം അവസാനിക്കും മുമ്പെ സീറ്റില്‍ നിന്ന് ഓടാന്‍ ശ്രമിക്കുന്ന കുട്ടികളെ നിയന്ത്രിക്കല്‍ അധ്യാപകര്‍ക്ക് ഇന്നും അല്‍പം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സ്‌കൂളിനോട് ഇന്നും വലിയ താല്‍പ്പര്യം തോന്നാത്തത്.
എന്താണ് സ്‌കൂള്‍?

പ്രാചീന ലാറ്റിന്‍ പദം സ്‌കോള (Schola) അഥവാ വിശ്രമം എന്ന അര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് സ്‌കൂള്‍ എന്ന പദത്തിന്റെ ഉത്ഭവം.
സ്‌കൂളിനെ വിശ്രമത്തിനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കാം.ഉത്സാഹം എന്നാണ്് സ്റ്റഡിയ എന്ന ഗ്രീക്ക് പദത്തിന്റെയും അര്‍ഥം.നിര്‍ഭാഗ്യവശാല്‍ ഈ പദങ്ങളുടെ അര്‍ഥം വ്യക്തമാക്കുന്ന രീതികള്‍ സ്‌കൂളുകളില്‍ നിന്ന് കാണുന്നില്ല.എന്താണ് വിശ്രമ വേള?.ചുമതലപ്പെട്ട പണി ഒഴിവാക്കിക്കിട്ടിയ സമയമാണിത്.ശരീരവും മനസ്സും സ്വസ്ഥമായിരിക്കുന്ന ഇത്തരം അന്തരീക്ഷത്തിലാണ് മനുഷ്യനില്‍ സൃഷ്ടിപരമായ സങ്കല്‍പ്പങ്ങള്‍ തേടിയെത്തുന്നത്.

ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരും അവരുടെ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അവരുടെ വിശ്രമ വേളകളിലാണ്.ഒരാപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്കുള്ള കണ്ടുപിടുത്തങ്ങളുടെ വഴി തുടക്കം കുറിച്ചതെന്ന കാര്യം നമ്മള്‍ ചെറിയ ക്ലാസുകളില്‍ വായിച്ചതാണല്ലോ.

പഠനത്തിനുള്ള വേദി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്‌കൂളുകള്‍ എന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
പഠനം പ്രധാനം തന്നെ.കുട്ടികളുടെ പൊതുവായ മാനസിക വളര്‍ച്ചയുടെ വേദികൂടിയാണ് സ്‌കൂളുകള്‍.ഒരു കുട്ടി വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ മണിക്കൂറുകളാണു  വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ പത്ത് മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് നാല് വരെ അവന്‍ സ്‌കൂളില്‍ അവന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പമാണ്.നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി കുട്ടികള്‍ സ്‌കൂളിനകത്തും പൂര്‍ണ്ണമായും സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
ശിശു സൗഹൃദമാകണം.

കുട്ടികള്‍ക്ക് പ്രിയങ്കരമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.സ്‌കൂളിന്റെ പുറത്ത് കുറെ ചിത്രങ്ങള്‍വരച്ച് നിറം കൊടുത്തത് കൊണ്ട് വിദ്യാലയം ശിശുസൗഹൃദമാണെന്ന് പറയാനാകില്ല.കുട്ടികള്‍ക്ക് സ്‌കൂളില്‍ വിശ്രമവേളകള്‍ ലഭിക്കണം.നിറഞ്ഞുനില്‍ക്കുന്ന പീരിയഡുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ അവര്‍ക്കായി നാം കണ്ടെത്തണം.ദൗര്‍ഭാഗ്യവശാല്‍ ആശുപത്രിക്ക് സമാനമായുള്ള സ്‌കൂളുകളും നമ്മുടെ നാട്ടില്‍ വരുന്നുണ്ട്.

ജപ്പാനിലെ  തെത്സുകൊകുറോയ നാഗിയുടെ ലോക പ്രശസ്ത കൃതിയാണ് 'ടോട്ടോച്ചാന്‍'.അല്‍പം കുസൃതി നിറഞ്ഞ ടോട്ടോച്ചാന്‍ എന്ന കുട്ടിയുടെ സ്‌കൂള്‍ ജിവിതമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്.അല്‍പം വികൃതിത്തരം കാണിക്കുന്ന ടോട്ടോച്ചാന്‍ എന്ന കുട്ടിയെ പല സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.ഒടുവില്‍ അവള്‍ ടോമോ എന്ന സ്‌കൂളിലെത്തുന്നു.അവിടത്തെ പ്രധാനധ്യാപകനെ അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.പേര് കോബയാക്ഷി മാസ്റ്റര്‍.

തീവണ്ടിബോഗി പോലുള്ള ക്ലാസ് മുറികള്‍,എല്ലാവരുമൊത്തൊരുമിച്ചുള്ള ഭക്ഷണ രീതികള്‍,നീന്തല്‍കുളങ്ങള്‍,അധ്യാപകരുടെ പെരുമാറ്റം തുടങ്ങിയവയാണ് അവള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒന്നാം ക്ലാസുകാരിയായ അവള്‍ മണിക്കൂറുകളോളം തന്റെ പ്രധാനധ്യാപകനോട് കുസൃതിക്കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഏറെ രസകരമായിട്ടാണ് ടോട്ടോച്ചാന്‍ എന്ന പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത്.

സ്വതന്ത്രമായി കളികളിലേര്‍പ്പെടാനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമബന്ധമായി നടത്തുന്ന സ്‌കൂളുകള്‍ നമ്മുടെ കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും.അതോടൊപ്പം കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അധ്യാപകരുടെ പരിചയവും പ്രവര്‍ത്തനങ്ങളും വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ.

2 അഭിപ്രായങ്ങൾ:

ജനപ്രിയ പോസ്റ്റുകള്‍‌